17.jpg

Ear piercing- be careful

(Article in Mathrubhumi Sunday Suppliment- 12 Sept.2010)

കാത് കുത്തുമ്പോള്….

Posted on: 12 Sep 2010

ഡോ.കെ.ഒ.പൗലോസ്, ഡോ. സിസ്റ്റര് അഞ്ജലി


സൗന്ദര്യ വര്ധനയ്ക്കുവേണ്ടി ശരീരഭാഗങ്ങള് തുളച്ച് ആഭരണങ്ങളിടുക എന്നത് പ്രാചീനകാലം മുതലുള്ള അനുഷ്ഠാനമാണ്. അതില് ആത്മീയത, മതം, ഭക്തി, ജാതിവ്യവസ്ഥകള്, ഫാഷന് എന്നീ പല ഘടകങ്ങള് ഉള്ക്കൊള്ളുന്നു. കാത്, മൂക്ക് , ചുണ്ട്, നാക്ക്, കവിളുകള്, കണ്പുരികം, മുലക്കണ്ണ്, പൊക്കിള് തുടങ്ങി ജനനേന്ദ്രിയങ്ങള് വരെ തുളച്ച് ആഭരണങ്ങള് ഇടാറുണ്ട്. കാതില് കമ്മലും മൂക്കില് മൂക്കുത്തിയും സര്വസാധാരണമായി നാം കാണുന്നതാണ്. നമ്മുടെ നാട്ടില് പണ്ടു നിലവിലിരുന്ന ഒരു ആചാരമായിരുന്നു കാതുകുത്തുകല്യാണം.

ശരീരഭാഗങ്ങള് തുളയ്ക്കുമ്പോള് വളരെ ശ്രദ്ധാപൂര്വം ചെയ്തില്ലെങ്കില് സംഭവിക്കാവുന്ന വരുംവരായ്കകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതാണ്. മുറിവ് പഴുക്കുക, നാഡികള്ക്കു ക്ഷതം സംഭവിക്കുക, അലര്ജി, ഒരേ ഉപകരണം ശുചിയായി ഉപയോഗിക്കാത്തതിനാല് മറ്റു വ്യക്തികളില് നിന്നുള്ള അണുബാധ, കീലോയ്ഡ് എന്നിവ സംഭവിക്കുമെന്ന് നാം അറിഞ്ഞിരിക്കണം.

ശരീരഭാഗങ്ങള് തുളച്ചുകഴിഞ്ഞാല് ആ മുറിവുണങ്ങാന് കാലതാമസമെടുക്കും. കാതിലെ മുറിവുണങ്ങാന് 3-4 മാസം, നാക്കും പൊക്കിളും ഉണങ്ങാന് 1-2 മാസം, മൂക്ക് ഉണങ്ങാന് 2-3 മാസം എന്നിങ്ങനെ വിവിധ കാലയളവാണ് ഓരോ ശരീരഭാഗങ്ങള്ക്കും വേണ്ടത്. ശരിയായ ശ്രദ്ധയും സംരക്ഷണവും ഇല്ലെങ്കില് പല പ്രത്യാഘാതങ്ങളും വന്നുഭവിക്കും. ഏറ്റവും ശുചിയായ രീതിയിലും പ്രവൃത്തിപരിചയമുള്ള വ്യക്തിയെക്കൊണ്ടും ശരീരഭാഗങ്ങള് തുളയ്ക്കാന് അനുവദിക്കുന്നത് ഒരു പരിധിവരെ ഈ പ്രത്യാഘാതങ്ങളെ ഒഴിവാക്കും.

ശരീരഭാഗങ്ങള് തുളയ്ക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:

അലര്ജി: ചില ആള്ക്കാര്ക്ക് ചില ലോഹങ്ങളോട് പ്രത്യേകിച്ച് നിക്കല് അടങ്ങിയ ലോഹങ്ങളോട് അലര്ജിവരാം. ശരീരഭാഗങ്ങള് ചുമന്ന് വെള്ളം ഒലിക്കുന്ന വ്രണമായി മാറാം. അലര്ജി വരുത്താത്ത ലോഹങ്ങള്കൊണ്ട് ശരീരഭാഗങ്ങള് തുളയ്ക്കുന്നതാണ് ഉത്തമം. ഗുണമേന്മയുള്ള ലോഹങ്ങള് കൊണ്ട് ആഭരണങ്ങള് ഉണ്ടാക്കി ധരിക്കുക എന്നത് പ്രധാനമാണ്.

അണുബാധ: തുളയ്ക്കുന്ന ശരീരഭാഗങ്ങളില് അണുബാധ ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ പ്രത്യാഘാതം. അവിടെ പഴുപ്പും വീക്കവും വരുന്നു. ശരിയായ വിധത്തില് ചികിത്സിച്ചില്ലെങ്കില് മരണംവരെ സംഭവിക്കാവുന്നതരത്തില് രക്തത്തിലേക്കും അണുബാധ കയറാം. വൃത്തിയും വെടിപ്പുമുള്ള ഉപകരണങ്ങള് കൊണ്ട് ശരീരഭാഗങ്ങള് തുളയ്ക്കുകയും അതിനുശേഷം ഏറ്റവും ശ്രദ്ധകൊടുക്കുകയും ചെയ്താല് അണുബാധ ഒഴിവാക്കാം.

മറ്റുരോഗങ്ങള്: വൃത്തിയില്ലാത്തതും മറ്റുള്ളവര് ഉപയോഗിച്ചതും വേണ്ടവിധത്തില് ശുദ്ധീകരിക്കാത്തതുമായ ഉപകരണങ്ങളിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി, ടെറ്റനസ് എന്നീ രോഗങ്ങള് പടരാം.

ജനനേന്ദ്രിയങ്ങള് തുളച്ച് ആഭരണങ്ങളിടുന്നത് അവയുടെ പ്രവര്ത്തനത്തെ ബാധിക്കാം. മൂത്രം ഒഴിക്കുന്നതിനും ലൈംഗികബന്ധത്തിനും തടസ്സം നേരിടുന്നതോടൊപ്പം അണുബാധയ്ക്കും കാരണമാകാം.

നാഡീക്ഷതം: വേണ്ടവിധത്തില് ശ്രദ്ധിച്ചില്ലെങ്കില് നാഡീക്ഷതത്തിനും അതുവഴി അനുബന്ധഭാഗങ്ങളുടെ മരവിപ്പിനും അശ്രദ്ധമായ ശരീരഭാഗങ്ങള് തുളയ്ക്കല് കാരണമാകുന്നു. വായ്ക്കുള്ളില് തുളയ്ക്കുമ്പോള് പല്ലിനും മോണയ്ക്കും കേടുപാടു സംഭവിക്കാം.

കീലോയ്ഡ്: തുളയ്ക്കുന്ന ശരീരഭാഗങ്ങള് അമിതമായി വളര്ന്ന് റബ്ബറുപോലെ പുറത്തേക്കുന്തി നില്ക്കുന്നതാണ് കീലോയ്ഡ്. ശരീരത്തിന് അഭംഗിയും വേദനയും മാനസിക വ്യഥയും നല്കുന്നു ഈ അവസ്ഥ. കീലോയ്ഡിനുള്ളില് സ്റ്റീറോയ്ഡ് മരുന്ന് കുത്തിവെച്ച് ആ കലയെ ചുരുക്കുന്നതാണ് ഏറ്റവും പ്രചാരമേറിയ ചികിത്സാരീതി.

വളരെയധികം വളര്ന്ന കലയെ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റുകയാണ് നല്ലത്. പക്ഷേ, വീണ്ടും കീലോയ്ഡ് വളരാം എന്നത് ഒരു പരിമിതിയാണ്.

ഏറ്റവും പുതിയതായി, ലേസര് ശസ്ത്രക്രിയയിലൂടെ കീലോയ്ഡ് മുറിച്ചുമാറ്റി, സ്റ്റീറോയ്ഡ് മരുന്നു കുത്തിവെക്കുന്നത് വീണ്ടും കീലോയ്ഡ് പ്രത്യക്ഷപ്പെടുന്നതു തടയും. വീണ്ടും വരികയാണെങ്കില് റേഡിയേഷന് ഉപയോഗിച്ച് കരിച്ചുകളയുകയേ നിവൃത്തിയുള്ളൂ.

ശാസ്ത്രീയവും അണുബാധരഹിതവുമായ വിധത്തില് ലേസര് ഉപയോഗിച്ച് ശരീരഭാഗങ്ങള് തുളയ്ക്കുന്നത് മേല്പറഞ്ഞ വിവിധ പ്രത്യാഘാതങ്ങള് തടയാന് സഹായകമാകും. ഭയമില്ലാതെ ശരീരഭാഗങ്ങള് തുളച്ച് ആഭരണങ്ങളിട്ട് സൗന്ദര്യവര്ധന സാധ്യമാക്കുന്നു നൂതന ചികിത്സാ സൗകര്യങ്ങള്.

ശരിയായി കാതുകുത്തുന്ന വിധം:

ആണി, നാരകമുള്ള് എന്നിവകൊണ്ട് പണ്ട് കാതുകുത്തിയിരുന്നതിനു പല ദോഷഫലങ്ങളും നാം കണ്ടുകഴിഞ്ഞു. അണുമുക്തമായ പ്രക്രിയയിലൂടെ കാതുകുത്തുന്നതാണ് അഭികാമ്യം. ഒരു ചെവിരോഗവിദഗ്ധന് തന്റെ ക്ലിനിക്കില് ചെയ്യാവുന്നതേയുള്ളൂ കാതുകുത്തലും മൂക്കുകുത്തലും. ഇതിന് 2 രീതികള് അവലംബിക്കുന്നു. (1) അണുവിമുക്തമാക്കിയ സൂചികൊണ്ടും (2) ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന അണുമുക്തമാക്കിയ സ്റ്റേപ്ലര് ഗണ് കൊണ്ടും.

സ്റ്റേപ്ലര് ഗണ് ഉപയോഗിച്ചുള്ള കാതുകുത്തലിനാണ് പ്രചാരം. അണുമുക്തമാക്കിയ ഗണ് ഉപയോഗിച്ച് സ്റ്റെറൈല് ഗ്ലൗസ് ധരിച്ച് ഡോക്ടര് കാതുകുത്തുന്നു. കാതുകുത്തുന്നതിനുമുമ്പ് കുത്തേണ്ടഭാഗം ബിറ്റാസിന് ഉപയോഗിച്ച് തുടച്ചുവൃത്തിയാക്കിയശേഷം തുളയ്ക്കേണ്ട സ്ഥലം അണുമുക്തമാക്കിയ മാര്ക്കര് പെന് കൊണ്ട് അടയാളപ്പെടുത്തി കാതുകുത്തുന്നു.

ആദ്യമായി ആഭരണങ്ങളിടുമ്പോള് അലര്ജി കുറഞ്ഞ ടൈറ്റാനിയം, സ്റ്റെയിന്ലെസ് സ്റ്റീല് എന്നിവകൊണ്ടുള്ള ആഭരണങ്ങളാണ് നല്ലത്.

ഇവ അലര്ജിയും അണുബാധയും കുറയ്ക്കും. കുളിക്കുന്നതിനു മുമ്പും ശേഷവും ആന്റിബയോട്ടിക് ഓയിന്റ്മെന്റ് പുരട്ടുന്നത് മുറിവുണങ്ങാന് സഹായിക്കും. 3 ആഴ്ചകൊണ്ട് മുറിവുണങ്ങി തുള രൂപപ്പെടും. അപ്പോള് സ്വര്ണാഭരണങ്ങള് ധരിക്കാം.

മൂക്കുത്തി ഇടാന് മൂക്കു തുളയ്ക്കുമ്പോള് മൂക്കിന്റെ തുളയ്ക്കേണ്ട ഭാഗം അണുവിമുക്തമാക്കിയശേഷം മരുന്നു കുത്തിവെച്ച് തരിപ്പിച്ചശേഷമേ തുളയ്ക്കാവൂ. മൂക്കുത്തി നല്ല ഗുണനിലവാരമുള്ളതും അണുവിമുക്തമാക്കിയതുമായിരിക്കണം. ആന്റിബയോട്ടിക്ക് പുരട്ടുന്നത് മൂന്നാഴ്ചയോളം തുടരണം.

കാതും മൂക്കും തുളയ്ക്കാന് ഏറ്റവും ആധുനികമായ സമ്പ്രദായമാണ് ലേസര്. ലേസര് രശ്മി ഉപയോഗിച്ച് കാതുതുളയ്ക്കുന്നതുകൊണ്ട് ലേസര് ഉപകരണമിരിക്കുന്ന ഓപ്പറേഷന് തീയേറ്ററില് വെച്ചേ ചെയ്യാനാകൂ. അതിനാല് തന്നെ അത് ചെലവേറിയതാണ്. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമാണെങ്കിലും സാധാരണക്കാര്ക്ക് അപ്രാപ്യമായതിനാല് അധികം പ്രചാരം ലഭിച്ചിട്ടില്ല, ലേസര് ബീം ഉപയോഗിച്ചുള്ള കാതുകുത്തലിന്.


www.drpaulose.com

Dr Paulose is an ENT Consultant Plastic and Laser Surgeon with over 35 years of experience covering in Ear, Nose and Throat procedures, specializing in Laser Surgery and conventional medicine across India, U.K. and Middle East. He is currently engaged with the Jubilee Hospital, in Kerala, India.

Comments on this entry are closed.

Previous post:

Next post: